1 Corinthians 3

സഭയിലെ ഭിന്നിപ്പ്

1സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു. 2ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. 3നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? 4“ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?

5ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? 6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. 7അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. 8നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. 9ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.

10ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ. 11യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല. 12ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ 13അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും. ആ ദിവസം അതു വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും. 14ഒരാൾ പണിയുന്ന നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും. 15അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം!

16നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? 17ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.

18ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” a എന്നും 20“ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” b എന്നും എഴുതിയിരിക്കുന്നല്ലോ. 21അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22പൗലോസോ അപ്പൊല്ലോസോ കേഫാവോ
അതായത്, പത്രോസോ
ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്;
23നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.

Copyright information for MalMCV